Interview With Jasminsha

UNA President Jasminsha Interview With Bignewslive.com.Go To More….

മനുഷ്യന്റെ രോഗങ്ങളെ ചികിത്സിക്കുന്നവര്‍ സമൂഹത്തിന്റെ രോഗങ്ങള്‍ തുടച്ചുമാറ്റാന്‍ ഒരുങ്ങുന്നു

ആരെയും കുറ്റപ്പെടുത്താതെ, ആരോഗ്യവും ഹരിതവും തൊഴില്‍ സുരക്ഷിതത്വവും സ്ത്രീ സംരക്ഷണവും ജീവ വായുവാണെന്ന് പ്രഖ്യാപിച്ച് യുഎന്‍എ തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങുമ്പോള്‍ സമൂഹം കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. മാറ്റത്തിന് വേണ്ടി ജനം അവരുടെ വോട്ട് രേഖപ്പെടുത്തുമെന്ന് ഇവര്‍ ശുഭ പ്രതീക്ഷ വെയ്ക്കുന്നു. യുഎന്‍എ സംസ്ഥാന പ്രസിഡന്റും തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ജാസ്മിന്‍ഷയുമായി സ്ഥിരം അഭിമുഖ ശൈലിയില്‍ നിന്നും വ്യത്യസ്തമായി ശ്രീലക്ഷ്മി നടത്തിയ സംഭാഷണത്തില്‍ നിന്ന്…

തിരെഞ്ഞെടുപ്പില്‍ മത്സരിക്കുക എന്ന സുപ്രധാനമായ തീരുമാനത്തിലേക്ക് എത്തിയത് എങ്ങനെയാണ് …?

തിരഞ്ഞെടുപ്പിനെ ഞങ്ങള്‍ ഒരു സമര രൂപമായി കാണുന്നു. ജനങ്ങളിലേക്ക് ഞങ്ങളുടെയും ചൂഷണം നേരിടുന്ന ഇതര വിഭാഗങ്ങളുടെയും
സമാന ചിന്താഗതിക്കാരുടേയും ആവശ്യങ്ങളും അവകാശങ്ങളും എത്തിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമായി തിരഞ്ഞെടുപ്പിനെ കണ്ടത് കൊണ്ടാണ് ഞങ്ങള്‍ മത്സര രംഗത്തേക്കിറങ്ങാനുള്ള സുപ്രധാനമായ തീരുമാനം കൈകൊണ്ടത്. ആരുടേയും സ്‌പോണ്‍സേര്‍ഡ് പ്രോഗ്രമല്ലാതെ മുഖ്യധാരയില്‍ നിന്ന് തിരസ്‌കരിക്കപെട്ടവരുടെയും അപ്രസക്തരാക്കപെട്ടവരുടെയും ഒരു കൂട്ടായ്മ ഉണ്ടാകുന്നുണ്ട് എന്നത് ആവേശകരമാണ്. എത്ര പേര്‍ എന്നതിനേക്കാള്‍ എന്തിനു വേണ്ടി നിലകൊള്ളുന്നു എന്നതിനാണ് ഞങ്ങള്‍ പ്രാധാന്യം കൊടുക്കുന്നത്.

നേഴ്‌സുമാരെക്കാള്‍ മെമ്പര്‍ഷിപ്പ് ഉള്ള വ്യാപാരികള്‍ മത്സരിക്കാനിറങ്ങിയിട്ടും വലിയ ചലനമുണ്ടാക്കാന്‍ പറ്റിയില്ല എന്നതിനെ എങ്ങനെ കാണുന്നു ?

വ്യാപാരി സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് ചൂണ്ടി കാണിച്ചപ്പോള്‍ ഞങ്ങള്‍ ആതുര സേവനത്തിന്റെ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ വിഭാഗങ്ങേളാടുമുള്ള സമൂഹത്തിന്റെ പ്രതികരണവും സമീപനവും വ്യത്യസ്തമാണ്. സമൂഹത്തിന്റെ രോഗങ്ങള്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കണ്ണ് ചിമ്മാതെ രാപ്പകലില്ലാതെ ഞങ്ങള്‍ ഉണ്ടാകുമെന്ന് പൊതു സമൂഹത്തിനറിയാം. ഞങ്ങളുയര്‍ത്തുന്നത് കേവലമായ വികാര പ്രകടനം മാത്രമല്ല, നേഴ്‌സിംഗ് സമൂഹത്തിന്റെ എന്ന പോലെ തൊഴില്‍ സംരക്ഷണവും ശമ്പളവുമില്ലാത്ത ചൂഷണം ചെയ്യപ്പെടുന്ന ഇതര വിഭാഗങ്ങളുടെ കൂടി ശബ്ദമാണ്. ആരോഗ്യ ഹരിത സമൂഹവും പരിസ്ഥിതി രാഷ്ട്രീയവും ഞങ്ങളുടെ മുദ്രാവാക്യമാണ്. ജസ്മിന്‍ഷ പറയുന്നു.

ജനങ്ങളുടെയും നേഴ്‌സിംഗ് സമൂഹത്തിന്റെയും പ്രതികരണം എങ്ങനെയായിരുന്നു…?

പൊതു സമൂഹവും ലോകത്തിലെ നേഴ്‌സിംഗ് സമൂഹവും ആരോഗ്യ പരിസ്ഥിതി പ്രവര്‍ത്തകരും ജനകീയ സമര നേതാക്കളും വളരെ ആവേശത്തോടെയും അഭിമാനത്തോടെയുമാണ് നേഴ്‌സിങ്ങ് സംഘടന നേതൃത്വം കൊടുത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നതിനെ ഏറ്റെടുത്തത്. 50 വര്‍ഷത്തിലധികമായി ഒരു നാടിന്റെയും സമൂഹത്തിന്റെയും പ്രിയപ്പെട്ടവരുടെയും സാമീപ്യമില്ലാതെ അന്യ ദേശങ്ങളില്‍ കഷ്ടപെട്ട ആയിരക്കണക്കിന് വരുന്ന നേഴ്‌സിംഗ് സമൂഹത്തിനു വേണ്ടി സര്‍ക്കാരുകള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ഇന്ത്യയിലെയും വിദേശത്തെയും നേഴ്‌സിംഗ് സമൂഹം ഓര്‍മിച്ചത് വേദനയോടെയാണ്.. കുടുംബത്തിനും സമൂഹത്തിനും വേണ്ടി അന്യ നാട്ടില്‍ ദുരിതമനുഭവിചവര്‍ നാട്ടിലെത്തുമ്പോള്‍ തിരിച്ചു കിട്ടിയത് പലപ്പോഴും അവജ്ഞയും പരിഹാസവും മാത്രം. 20 ലക്ഷത്തിലധികം അഭ്യസ്ത വിദ്യരായ ഒരു സമൂഹത്തിനോട് ഇങ്ങനെയാണോ പെരുമാറേണ്ടിയിരുന്നത്. തുച്ഛമായ ശമ്പളത്തിനുമപ്പുറം മനുഷ്യന്റെ വേദനകളില്‍ കൂട്ടായത് ഹൃദയത്തില്‍ നന്മയും സ്‌നേഹവും കര്‍ത്തവ്യബോധവും കൊണ്ടാണ്. രാപ്പകല്‍ അറവുമാടുകളെപ്പോലെ ജോലിയെടുത്തിട്ടും മാനേജുമെന്റുകള്‍ ശമ്പളം നല്‍കാന്‍ മടിച്ചു നിന്നു. ചോദിച്ചാല്‍ ജോലിയുമില്ല വേതനവുമില്ലാത്ത അവസ്ഥ ജാസ്മിന്‍ഷ കൂട്ടിചേര്‍ത്തു.

നേഴ്‌സിംഗ് സമൂഹത്തിന്റെ ആവശ്യങ്ങളും അവകാശങ്ങളും നേടാന്‍ നേഴ്‌സിംഗ് സംഘടന തെരഞ്ഞെടുപ്പില്‍ രംഗത്തിറങ്ങുന്നു. അങ്ങനെ രാജ്യത്തുള്ള ഓരോ വിഭാഗവും സംഘടനകളും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആരോഗ്യകരമാണോ …?

ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 65 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞങ്ങള്‍ പൊതു സമൂഹം ചര്‍ച്ച ചെയ്യുന്നതിലേക്കും പിന്തുണ തേടുന്നതിലേക്കുമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. അതിനര്‍ത്ഥം ഇത്രയും വര്‍ഷങ്ങളായും ഞങ്ങളുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടിട്ടില്ല എന്നത് തന്നെയാണ്. ഞങ്ങള്‍ ഒരു ചെറിയ വിഭാഗമാകാം, ഇനി ഞങ്ങളെക്കാള്‍ ചെറുതോ വലുതോ ആയ സംഘടനകള്‍ മത്സര രംഗത്ത് വരുകയും ചെയ്‌തേക്കാം. അത് ഞങ്ങളുടേത് പോലുള്ള സാധാരണക്കാരുടെ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടാതെ നിലനില്‍ക്കുന്നത് കൊണ്ടാണ്. ഓരോ വ്യക്തിക്കും വോട്ട് ചെയ്യാനുള്ള അവകാശം പോലെ തന്നെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശവും. തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നത് കുറച്ചു പേര്‍ക്ക് മാത്രം സംവരണം ചെയ്യപ്പെട്ട ഒന്നായി കാണുന്നതാണ് വരേണ്യത എന്ന് പറയുന്നത് ..വലിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വാഭാവികമായും ഭയമുണ്ടാകാം, അത് ഞങ്ങള്‍ മത്സരിക്കുന്നു എന്നത് കൊണ്ടല്ല മറിച്ച് ഇങ്ങനെ അവഗണിക്കപ്പെടുന്ന ഓരോ വിഭാഗങ്ങളും മത്സര രംഗത്ത് വന്നാല്‍ അവരുടെ അപ്രമാതിത്വം നഷ്ടപ്പെടും എന്നത് കൊണ്ടാണ്. ഞങ്ങളെ പരിഹസിക്കുന്നവരുണ്ട് ഇവര്‍ എന്ത് ചെയ്യാന്‍ ഇവര്‍ക്ക് 5000 വോട്ടിലധികം പിടിക്കാനാകില്ല എന്ന് പറഞ്ഞ്. 5000 അല്ല 100 വോട്ടു ലഭിച്ചാലും ഞങ്ങള്‍ക്ക് വേദനയില്ല. ഞങ്ങള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം ജനങ്ങളില്‍ ഏറ്റവും ഫലപ്രധമായി എത്തിക്കാനുള്ള ഒരു സുവര്‍ണ്ണാവസരം എന്ന ഉത്തമ ബോധ്യത്തില്‍ നിന്ന് കൊണ്ടാണ് ഞങ്ങള്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

സര്‍ക്കാര്‍ നിലപാടുകള്‍ നേഴ്‌സിംഗ് സമൂഹത്തിനു എതിരായിരുന്നുവോ …?

ശമ്പളം പരിഷ്‌ക്കരിക്കാനും തൊഴില്‍ സമയം നിശ്ചയപ്പെടുത്താനും ഞങ്ങള്‍ നടത്തിയ സമരങ്ങള്‍ക്കൊടുവില്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരായ സര്‍ക്കാര്‍ അത് നടപ്പിലാക്കുന്ന കാര്യത്തില്‍ അലംഭാവം കാണിക്കുകയാണ്. കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റില്‍ സമരം 100 ദിവസം ആവുകയാണ്. അമൃതയിലും സമരം നടക്കുന്നു. സര്‍ക്കാര്‍ പലപ്പോഴും മനേജുമെന്റുകളുമായി ഒത്തു കളിക്കുയ്ക്കുന്നു. വിദേശ ജോലികള്‍ക്ക് നേഴ്‌സിംഗ് സമൂഹത്തെ പര്യാപ്തമാക്കാന്‍ ആധുനിക പഠന സൗകര്യങ്ങളോട് കൂടിയ ട്രെയിനിംഗ് സെന്റര്‍ ആരംഭിക്കുന്നതിന്‌ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒളിച്ചു കളിച്ചു. ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജയിക്കുമെന്ന അമിത വിശ്വാസത്തിലല്ല; തെരഞ്ഞെടുപ്പാണ് സമൂഹത്തിന്റെ നീറുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഏറ്റവും ഫലപ്രദമായ വേദി എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. ഞങ്ങളുടെ പ്രയാസങ്ങള്‍ പൊതു സമൂഹം അറിയണം ചര്‍ച്ച ചെയ്യണം… മറ്റു രാഷ്ട്രീയ നേതാക്കള്‍ ഞങ്ങളുടെയും ഞങ്ങളുടേത് പോലുള്ള ഇതര സമൂഹത്തിന്റെയും വേദനകള്‍ക്കും ന്യായമായ അവകാശ ശബ്ദങ്ങള്‍ക്കും കാതോര്‍ക്കണം അദ്ദേഹം കുറ്റപ്പെടുത്തി ആരെയും അട്ടിമറിക്കാനല്ല, മറിച്ച്, വര്‍ഷങ്ങളായി വിസ്മരിക്കപ്പെട്ടു കിടക്കുന്ന ഭൂമിയിലെ മാലാഖമാരെന്നു ജനം സ്‌നേഹത്തോടെ വിളിച്ചോതുന്ന ആയിരക്കണക്കിന് വരുന്ന നേഴ്‌സിംഗ് സമൂഹത്തിന്റെ വികാരവും ആവശ്യങ്ങളും പൊതു സമൂഹത്തിനു മുന്നില്‍ കൊണ്ട് വരാന്‍ മാത്രം, ജാസ്മിന്‍ഷ കൂട്ടിച്ചേര്‍ത്തു…

പ്രകടന പത്രികയെ കുറിച്ച് …?

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും നിര്‍ധനരായ ജനതയുടെ ആരോഗ്യ സംരക്ഷണത്തിനും, പ്രവാസികളായ നഴ്‌സിംഗ് സമൂഹത്തിന്റെ പുനരധിവാസവും സംരക്ഷണവും, ഇന്ത്യയിലെ നഴ്‌സിംഗ് സമൂഹമടക്കമുള്ള സാധാരണക്കാര്‍ക്ക് തൊഴില്‍ സംരക്ഷണവും പെന്‍ഷനും, അഴിമതിക്കെതിരെ ശക്തമായ നിലപാട്, ജലവും ശുദ്ധ വായുവും സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് പ്രഥമ പരിഗണന നല്കിയാകും യുഎന്‍എ പ്രവര്‍ത്തിക്കുക. സ്വയം തൊഴിലും കൂട്ടായ വ്യവസായങ്ങളും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രോത്സാഹിപ്പിക്കും. ഓരോ വ്യക്തിയുടെയും നാടിന്റെയും സമഗ്രമായ വികസനവും ആരോഗ്യകരമായ സമൂഹവും നല്‍കുന്ന സന്തോഷകരമായ ജീവിതമാണ് ഞങ്ങളുടെ ലക്ഷ്യം. വര്‍ഗീയതയും മതഭ്രാന്തും എതിര്‍ക്കുമ്പോള്‍ തന്നെ എല്ലാ മതങ്ങളോടും പരസ്പര സ്‌നേഹവും ബഹുമാനവും സമൂഹത്തില്‍ നിലനിര്‍ത്താന്‍ ആവശ്യമായ മുന്‍കൈയും പ്രവര്‍ത്തനങ്ങളും യുഎന്‍എ സംഘടിപ്പിക്കും. അണ്‍ എയ്ഡഡ് സ്‌കൂളുകളിലെയും സ്വാശ്രയ കോളേജുകളിലെയും അധ്യാപകരടക്കമുള്ള ജീവനക്കാര്‍, ടെക്‌സ്‌റ്റൈല്‍, ഹോട്ടല്‍ ജീവനക്കാര്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങി അനേകായിരം പേര്‍ കൊടിയ ചൂഷണത്തിനു വിധേയമായികൊണ്ടിരിക്കുന്നുണ്ട്. ജോലി സമയവും ശമ്പളവും മറ്റു ആനുകൂല്യവും ലഭിക്കാത്ത ഇതര വിഭാഗങ്ങള്‍ക്ക് കൂടി അത് ലഭിക്കുന്നതിനു വേണ്ടി ഇടപെടുകയും അവകാശങ്ങള്‍ നേടികൊടുക്കുകയും ചെയ്യുക എന്നത് തെരഞ്ഞെടുപ്പിലെ പ്രധാന മുദ്രാവാക്യമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മരുന്ന് കമ്പോളമായി മാറിയ കേരളത്തിലെ ജനങ്ങള്‍ വലിയ തരത്തിലുള്ള സാമ്പത്തികവും ആരോഗ്യപരവുമായ ചൂഷണം എറ്റുവാങ്ങുന്നുണ്ട്. നിരോധിച്ച മരുന്നുകളുടെ വില്പനയും അനിയന്ത്രിതമായി മരുന്നുകളുടെ വില വര്‍ദ്ധിപ്പിക്കുന്നതും ഇന്നത്തെ വലിയ പ്രശ്‌നമാണ്. ജനകീയമായ ഇടപെടലിലൂടെയും പൊതു മേഖലയിലുള്ള ആശുപത്രികളും ചികിത്സാ സൗകര്യങ്ങളും വര്‍ദ്ധിപ്പിച്ചു കൊണ്ട് ഇതിനെ മറികടക്കേണ്ടതുണ്ട്. മാര്‍ക്കറ്റുകളില്‍ നിന്ന് ഇന്ന് ലഭിക്കുന്ന പച്ചക്കറികളിലും ഫലവൃക്ഷങ്ങളിലും ഔഷധത്തേക്കാള്‍ ഉള്ളത് കൊടും വിഷമാണ്. മനുഷ്യന്റെ ആരോഗ്യവും ജീവിതവും തകര്‍ക്കുന്ന ഈ ഉപഭോഗ സംസ്‌കാരത്തിനെതിരെ സ്വന്തം വീടുകളിലും നാടുകളിലും ജൈവ കൃഷികളും കൂട്ടായ്മകളും വളര്‍ത്തിയെടുക്കേണ്ടത് ഇക്കാലത്ത് അനിവാര്യമാണ്. യുഎന്‍എ ഈ ഉത്തരവാദിത്വം ഏറ്റെടുക്കും. വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍ ഒഴിഞ്ഞു മാറുമ്പോള്‍ തകരുന്നത് കുടുംബങ്ങളുടെ നട്ടെല്ലാണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ ആവശ്യ സാധനങ്ങള്‍ ന്യായ വിലയ്ക്ക് ലഭ്യമാക്കാന്‍ യുഎന്‍എ നടപടികള്‍ സ്വീകരിക്കും. 60 വയസ്സ് കഴിഞ്ഞഎല്ലാവര്‍ക്കും മാസത്തില്‍ വീടുകളില്‍ പോയി മെഡിക്കല്‍ ചെക്കപ്പ് നടത്തും. എല്ലാ പഞ്ചായത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കേന്ദ്രങ്ങളിലും 50 ശതമാനം വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാക്കും. സ്ത്രീകളുടെ സുരക്ഷയ്ക്ക് പ്രത്യേക സ്‌കോഡുകള്‍ രൂപീകരിക്കും. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായത്തോടൊപ്പം ഉന്നത വിദ്യാഭ്യാസത്തിന്റെ സൗജന്യ കോച്ചിംഗ് കേന്ദ്രങ്ങള്‍. ശക്തമായ പൊതു ആരോഗ്യ സംവിധാനവും ഗതാഗത സൗകര്യവും വിദ്യാഭ്യാസ രംഗവും ഉറപ്പു വരുത്തും. പെന്‍ഷനും ആരോഗ്യ പരിരക്ഷയും വഴി സാധാരണക്കാരന്റെ ജീവിതത്തിനു ആത്മവിശ്വാസവും ബലവും നല്‍കും. ജനകീയ സമരങ്ങളോടും തൊഴില്‍ സുരക്ഷിതത്വത്തോടും മുഖം തിരിഞ്ഞു നില്‍ക്കുന്നവരോടും പ്രകൃതി ചൂഷകരോടും യുഎന്‍എ യും പ്രതിനിധിയും എന്നും എതിരാവും. ഞങ്ങള്‍ സാധാരണക്കാരാണ്. അവരുടെ പ്രശ്‌നങ്ങളാണ് ഞങ്ങളുടെതും. ഇതാണ് യുഎന്‍എ സ്ഥാനാര്‍ത്ഥി വിജയിച്ചു വന്നാല്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുന്ന പത്രിക… ഞങ്ങള്‍ ഏറ്റെടുക്കേണ്ട മറ്റു പ്രശ്‌നങ്ങളും വിഷയങ്ങളും ഇനിയും ഏറെയുണ്ടെന്നു ഞങ്ങള്‍ക്കറിയാം. ജനകീയമായ അഭിപ്രായങ്ങളിലൂടെ അത് കൂട്ടി ചേര്‍ക്കുന്നതാണ്. പൊതു സമൂഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ സഹിതം അന്തിമ പ്രകടന പത്രികയും കര്‍മ്മ പരിപാടികളും ആവിഷ്‌കരിക്കുന്നതാണ് …

വിജയം പ്രതീക്ഷിക്കുന്നുണ്ടോ…ആരെയാണ് മുഖ്യ എതിരാളിയായി കാണുന്നത് …?

തീര്‍ച്ചയായും. വര്‍ഷങ്ങളായി നഴ്‌സിംഗ് സമൂഹം നേരിടേണ്ടിവന്ന അവഗണനകള്‍ക്കും അവജ്ഞയ്ക്കും ഇന്നും പരിഹാരമായിട്ടില്ല. മത്സരിക്കാന്‍ തീരുമാനിച്ച വിവരം അറിഞ്ഞ് സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും വ്യക്തികളും പിന്തുണയുമായെത്തിയത് ആവേശകരമായ അനുഭവമായി. ഞങ്ങളുടെ മത്സരം ഏതെങ്കിലും വ്യക്തികള്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ എതിരല്ല, ഒരു വ്യവസ്ഥിതിയുടെ കാഴ്ചപ്പാടാണ് മാറേണ്ടത് അതുകൊണ്ടു തന്നെ അതിലിടപ്പെടാനാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പൊരുതുന്ന, ദുരിതമനുഭവിക്കുന്ന ,ചൂഷണം ചെയ്യപ്പെടുന്ന ഇതര സമൂഹങ്ങളുമായി ചേര്‍ന്ന് കൂട്ടായ്മക്ക് സംഘടനാ രൂപം നല്കാന്‍ നേതൃത്വം നല്കും. ഒരു ജനതയുടെ ഹൃദയ താളവും ആത്മബോധവുമായി തെരഞ്ഞെടുപ്പിനിറങ്ങുന്ന യുഎന്‍എ സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കാന്‍ എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

മണ്ഡലങ്ങളും സ്ഥാനാര്‍ത്ഥികളും ..?

തൃശൂര്‍, കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാംകുളം, ചാലക്കുടി, കൊല്ലം എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കനാണ് തീരുമാനിച്ചിരിക്കുന്നത്. തൃശൂര്‍ മണ്ഡലത്തില്‍ ഞാനും (ജാസ്മിന്‍ഷ) പത്തനംത്തിട്ടയില്‍ സംസ്ഥാന സെക്രട്ടറി സുദീപ് എംവി യും മത്സരിക്കും. വനിതകള്‍ക്ക് 50 ശതമാനത്തിലധികം പ്രാധിനിധ്യം കൊടുത്തു കൊണ്ടായിരിക്കും അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുക.

താങ്കള്‍ ഇടതുപക്ഷ സഹായാത്രികനാണോ …? എസ്സ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നോ …?

ഞാന്‍ ഇടതു പക്ഷ കുടുംബത്തിലാണ് ജനിച്ചത്. പഠിക്കുന്ന കാലത്ത് നേഴ്‌സിംഗ് വിദ്യാര്‍ഥി സംഘടനയ്ക്ക് രൂപം നല്‍കുകയും നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. അക്കാലത്ത് എസ്സ്എഫ്‌ഐ യുമായി സഹകരിച്ചാണ് പല സമരങ്ങളും സംഘടിപ്പിച്ചത്. ഒരു ചെറിയ കാലയളവില്‍ എസ്സ്എഫ്‌ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോലി ആവശ്യാര്‍ത്ഥം പിന്നീട് വിദേശത്ത് പോകേണ്ടി വന്നു. കേരളത്തില്‍ നേഴ്‌സിംഗ് സമൂഹം അനുഭവിക്കുന്ന പ്രയാസങ്ങളും പ്രശ്‌നങ്ങളും എന്നെയും സമാനമായി ചിന്തിക്കുന്നവരെയും അസ്വസ്ഥരാക്കി. നാട്ടിലെത്തിയ ഞങ്ങള്‍ യുണൈട്ടഡ് നേഴ്‌സിംഗ് അസ്സോസിേയഷനു രൂപം നല്‍കുകയായിരുന്നു. ഞങ്ങളുടേത് എല്ലാ രാഷ്ട്രീയ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നവര്‍ ഉള്‍പ്പെടുന്ന സംഘടനയാണ്. വ്യക്തിപരമായി എന്നെ സോഷ്യലിസ്റ്റ്, ഡെമോക്രാറ്റിക് ആശയങ്ങള്‍ എന്നും സ്വാധീനിച്ചിട്ടുണ്ട്.

യുഎന്‍എ യ്ക്ക് പ്രത്യേകിച്ചൊരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യമോ വിയോജിപ്പോ ഇല്ല. വലതു ഇടതു പക്ഷേതരവും വര്‍ഗീയേതരവുമായ തികച്ചും സ്വതന്ത്ര നിലപാടുള്ള ഒരു സംഘടനയാണ് ഞങ്ങളുടേത്. സിപിഎം, സിപിഐ, ബിജെപി, കോണ്‍ഗ്രസ്സ്, വെല്‍ഫയര്‍ പാര്‍ട്ടി, യുവജന സംഘടനകള്‍, പരിസ്ഥിതി ജനകീയ സമര പ്രവര്‍ത്തകര്‍ ഇവരെല്ലാം ഞങ്ങളുടെ സമരങ്ങളെ പിന്തുണച്ചിട്ടുണ്ട്. പക്ഷെ മറ്റു പാര്‍ടികള്‍ക്ക് നേഴ്‌സിംഗ് മേഖലയും പ്രശ്‌നങ്ങളും അവരുടെ നൂറുകണക്കിനായ പരിപാടികളില്‍ ഒന്ന് മാത്രമായതു കൊണ്ട് പലപ്പോഴും സമരങ്ങളുടെ ആദ്യ ഘട്ടം പിന്നിടുമ്പോഴേക്കും ഞങ്ങള്‍ ഒറ്റയ്ക്കാവാറാണുള്ളത്. ഇത് തന്നെയാണ് മാനേജുമെന്റുകളുടെ ബലവും.

സമ്മര്‍ദ്ദങ്ങളുടെ ഭാഗമായി തിരെഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറ്റം ഉണ്ടാകുമോ ?

ഏതൊക്കെ ഭാഗത്തുനിന്നും എത്രയൊക്കെ സമ്മര്‍ദ്ദം ഉണ്ടായാലും യാതൊരു കാരണവശാലും യുഎന്‍എ തിരെഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറില്ല എന്നത് ഞങ്ങള്‍ പൊതുസമൂഹത്തിന് ഉറപ്പ് നല്‍കുകയാണ്.

പ്രചാരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള പുതുമ പ്രതീക്ഷിക്കാന്‍ കഴിയുമോ…?

തീര്‍ച്ചയായും.. ഞങ്ങള്‍ വീടുകള്‍ കയറിയിറങ്ങുന്നത് ഷുഗറും പ്രഷറും പരിശോധിച്ചു കൊണ്ടാണ്. മറ്റൊരു പ്രധാന മുദ്രാവാക്യമായ ഹരിത സമൂഹം എന്നതിന്റെ പ്രചരണാര്‍ത്ഥം ‘എല്ലാ വീട്ടിലും ജൈവകൃഷി നാടിന്റെ ആരോഗ്യത്തിനു ‘ എന്ന ആശയം മുന്‍ നിര്‍ത്തി ബോധവല്‍ക്കരണവും നടത്തും. എല്ലാ വീടുകളിലേക്കും പച്ചക്കറി വിത്തുകള്‍ കൂടി നല്‍കാനാകുമോ എന്ന് ആലോചിക്കുന്നുണ്ട്. ഇത് കൂടാതെ വളരെ വ്യത്യസ്ഥമായ ചില പ്രചാരണ പരിപാടികള്‍ ഞങ്ങള്‍ ആവിഷ്‌കരിക്കുന്നുണ്ട്. അത് മറ്റൊരു അവസരത്തില്‍ പറയാം. പ്രധാനമായും ‘സന്തോഷകരമായ കുടുംബവും സമൂഹവും’ എന്ന കാലാതിവര്‍ത്തിയായ ആശയമാണ് ഞങ്ങളുടെ ഹൃദയ പക്ഷം.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ നിങ്ങളുടെ സാമ്പത്തിക സ്രോതസ്സ് എന്താണ് …? ഏതെങ്കിലും ഏജന്‍സികളില്‍ നിന്ന് പണം സ്വീകരിക്കുന്നുണ്ടോ ..?

നാളിതുവരെയും ഞങ്ങള്‍ ഒരു ഏജന്‍സിയില്‍ നിന്നും സഹായങ്ങള്‍ സ്വീകരിച്ചിട്ടില്ല. ഞങ്ങളുടെ പ്രവര്‍ത്തകരും സുഹൃത്തുക്കളും നല്‍കുന്ന സംഭാവനകള്‍ കൊണ്ടും വരി സംഖ്യകള്‍ കൊണ്ടുമാണ് സംഘടനാ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോകുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനും പ്രവര്‍ത്തകരെയും ജനങ്ങളെയും സമീപിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്.

യുഎന്‍എ നേതൃത്വം നല്കി നേരിടുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ലഭിക്കുന്ന സംഭാവനകളും സഹായങ്ങളും, നല്കിയ വ്യക്തികളുടെയും സ്ഥാപങ്ങളുടെയും വിവരങ്ങള്‍ സഹിതം വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും ഇന്ത്യക്കാരല്ലാത്ത വിദേശ ഏജന്‍സികളുടെയും കോര്‍പ്പറേറ്റ് ശക്തികളില്‍ നിന്നും യാതൊരു സഹായവും യുഎന്‍എ സ്വീകരിക്കുന്നതല്ല എന്ന് ഉറപ്പിച്ചു പറഞ്ഞാണ് ജാസ്മിന്‍ഷ ബിഗ് ന്യൂസ് ലൈവിനോടുള്ള സംഭാഷണം അവസാനിപ്പിച്ചത്.